ഇത് നമ്മുടെ ഓണം

ഏതൊരു ജനതയുടെയും സംസ്കാരത്തിന്റെ സവിശേഷതകളെ അവരുടെ ഉത്സവാഘോഷങ്ങളില്‍ ദര്‍ശിക്കുവാന്‍ കഴിയും. കേരളത്തിന്റെ ചരിത്ര-സാംസ്കാരിക പൈതൃകത്തെ മനസ്സിലാക്കുവാന്‍ ഈ നാടിന്റെ വിവിധങ്ങളായ ആഘോഷങ്ങളെ അടുത്തറിയുകയേ വേണ്ടൂ. ഓണം കേരളീയര്‍ക്ക് മഹോത്സവമാണ്.

ഓണത്തെ സംബന്ധിച്ച് ഒരു ഐതിഹ്യമുണ്ട്. പണ്ട് മഹാബലി എന്നൊരു അസുര ചക്രവര്‍ത്തി നാടു ഭരിച്ചിരുന്നു. ത്രിലോകങ്ങളെയും ജയിച്ചവനായിരുന്നു അദ്ദേഹം. മനുഷ്യരുടെ ക്ഷേമത്തിന് എന്തിലുമേറെ വില മതിച്ചിരുന്ന ചക്രവര്‍ത്തിയുടെ സല്‍ഭരണം സ്വര്‍ഗ്ഗത്തിലെ ദേവന്മാരുടെ പ്രഭ മങ്ങുവാനിടയാക്കി. അതു വീണ്ടെടുത്തു നല്‍കാമെന്നു മഹാവിഷ്ണു സമ്മതിച്ചു. അപ്രകാരം വാമനനെന്ന ബ്രാഹ്മണ ബാലനായി അദ്ദേഹം അവതരിച്ച്, തപസ്സു ചെയ്യുവാന്‍ മൂന്നടി മണ്ണ് മഹാബലിയോട് ചോദിച്ചു. മഹാബലി അതു നല്‍കാമെന്നു സമ്മതിച്ചു. തല്‍ക്ഷണം പ്രപഞ്ചത്തോളം വലിയ ആകാരം കൈക്കൊണ്ടു വാമനന്‍ രണ്ടടി കൊണ്ട് മഹാബലിയുടെ സാമ്രാജ്യം അളന്നു. മൂന്നാമത്തേത് എവിടെയെന്ന ചോദ്യത്തിന് സത്യവാനായ ബലി ചക്രവര്‍ത്തി സ്വന്തം ശിരസ്സു കുനിച്ചു കൊടുത്തു. വാമനന്‍ ആ ശിരസ്സില്‍ ചവിട്ടി മഹാബലിയെ പാതാളത്തിലേക്കയച്ചു.

തന്റെ പ്രിയ ജനതയെ ആണ്ടിലൊരിക്കല്‍ വന്നു കണ്ടുകൊള്ളാന്‍ മഹാബലിക്ക് വാമനന്‍ നല്‍കിയ അവസരമാണ് തിരുവോണമായി കേരളീയര്‍ ആഘോഷിക്കുന്നത്.

കേരളത്തില്‍ നവവത്സരത്തിന്റെ ആഗമനം കുറിക്കുന്ന മാസമായ ചിങ്ങത്തില്‍ തന്നെയാണ് മലയാളിയുടെ ഏറ്റവും വലിയ ഉത്സവമായ ഓണവും വന്നണയുന്നത്. ഇംഗ്ലീഷ് കലണ്ടറില്‍ ആഗസ്റ്റ് - സെപ്റ്റംബര്‍ മാസങ്ങളില്‍. കേരളത്തിന്റെ കാര്‍ഷികോത്സവവും കൂടിയാണ് ഓണം. അത്തം നാളില്‍ തുടങ്ങി പത്താം ദിവസം തിരുവോണമായി. ഈ പത്തു ദിവസവും വീട്ടുമുറ്റത്ത് പൂക്കളം തീര്‍ക്കുന്ന പതിവുണ്ട്. 'ഓണക്കോടി' എന്ന പുതുവസ്ത്രങ്ങളണിഞ്ഞാണ് മലയാളി ഓണത്തെ എതിരേല്‍ക്കുന്നത്. വിഭവ സമൃദ്ധമായ ഓണസദ്യ ഒരുക്കലാണ് ആഹ്ലാദത്തിന്റെ ദിനങ്ങളെ ഒന്നു കൂടി ആകര്‍ഷകമാക്കുന്നത്.

ഓണക്കാലത്തോടനുബന്ധിച്ച് പലതരം വിനോദങ്ങളിലും കേരളീയ ജനത ഏര്‍പ്പെടാറുണ്ട്. വള്ളം കളി അവയിലൊന്ന്. വഞ്ചിയില്‍ പാട്ടും പാടി തുഴഞ്ഞ് മത്സരത്തില്‍ ഒന്നാമതെത്താന്‍ ശ്രമിക്കുന്നതാണ് വള്ളം കളിയുടെ രീതി. തെക്കന്‍ കേരളത്തിലെ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് ഈ വിനോദത്തിനു പ്രാമുഖ്യം.

പുലിയുടെ വേഷം കെട്ടിയുള്ള കളിയാണ് 'പുലിക്കളി'. ചിങ്ങമാസത്തിലെ ഓണാഘോഷത്തോടനുബന്ധിച്ചാണ് ഇത് അരങ്ങേറുന്നത്. നല്ല മെയ്‌വഴക്കവും ബലവുമുള്ള പുരുഷന്മാരാണ് പുലിവേഷം കെട്ടുന്നത്. 'കടുവകളി' എന്നും ഇതിനു പറയാറുണ്ട്. മധ്യകേരളത്തില്‍, പ്രത്യേകിച്ച് തൃശ്ശൂരിലും പ്രാന്ത പ്രദേശങ്ങളിലും എറണാകുളം ജില്ലയിലെ തൃക്കാക്കര പോലുള്ള ദേശങ്ങളിലുമാണ് ഈ വിനോദ കലയ്ക്ക് കൂടുതല്‍ പ്രചാരം.

'കൈകൊട്ടിക്കളി' എന്നു സാമാന്യമായി വിളിക്കപ്പെടുന്ന 'തിരുവാതിരക്കളി' സ്ത്രീകളുടെ മാത്രം ഒരു സംഘ നൃത്തമാണ്. ഓണാഘോഷങ്ങളില്‍ 'തിരുവാതിരക്കളി'യും അരങ്ങേറുന്നുണ്ട്.

Comments

Popular posts from this blog

പ്രഭാഷണം ഒരു കല

കേരള പിറവി ദിനം

പരിസര ശുചീകരണം