പ്രഭാഷണം ഒരു കല

പ്രഭാഷണം ഒരു കല



കൈയില്‍ മൈക്ക് കിട്ടിയാല്‍ പിന്നെ, സ്വന്തം സഹജീവികളോട് യാതൊരു കരുതലും കരുണയുമില്ല ചില പ്രഭാഷകര്‍ക്ക്. എല്ലാം താന്‍തന്നെ പറയണമെന്നുള്ള വാശി, കിട്ടിയ ചുരുങ്ങിയ സമയത്തിനുള്ളില്‍ തനിക്കറിയാവുന്നതെല്ലാം പറയണമെന്നുള്ള നിര്‍ബന്ധം– ഇതെല്ലാമാണ് വിനയാകുന്നത്. സൂക്ഷ്മതയുടെ അഭാവമാണ് പലരെയും ഇങ്ങനെ കോമാളികളാക്കുന്നത്.
പ്രഗത്ഭനായ ഒര മരംകയറ്റക്കാരന്‍ തുടക്കക്കാരനെ മരംകയറാന്‍ പഠിപ്പിക്കുകയാണ്. അയാള്‍ മരം വെട്ടിക്കഴിഞ്ഞിറങ്ങുമ്പോള്‍ പഠിപ്പിക്കുന്നയാള്‍ പറഞ്ഞു, 'സൂക്ഷിച്ച്, പതിയെ വേണം ഇറങ്ങാനെ'ന്ന്. പഠിതാവ് ചോദിച്ചു, 'കയറുമ്പോഴും മരത്തിനു മുകളില്‍ ഇരിക്കുമ്പോഴുമല്ലേ ശ്രദ്ധിക്കേണ്ടത്? ഇറങ്ങുമ്പോഴാണോ?' ഗുരു പറഞ്ഞു, 'കയറുമ്പോഴും വൃക്ഷശിഖരങ്ങള്‍ക്കിടയില്‍ ഇരിക്കുമ്പോഴും നിങ്ങളോട് ഞാന്‍ ഒന്നും പറയേണ്ടതില്ല, നിങ്ങളുടെ ഭയം നിങ്ങളെ നിയന്ത്രിച്ചുകൊള്ളും, സംരക്ഷിച്ചുകൊള്ളും. അനായാസം ചെയ്യാവുന്ന കാര്യങ്ങളിലാണ് എപ്പോഴും അപകടം സംഭവിക്കാവുന്നത്'.  വലിയ പണ്ഡിതന്മാരുടെ പ്രസംഗങ്ങള്‍ കേള്‍ക്കുമ്പോഴാണ് ഈ കഥ ഓര്‍മ വരുന്നത്. 
കൊച്ചിയിലെ ഒരു പ്രസംഗവേദിയാണ് രംഗം. വലിയ മഴക്കാറുണ്ട്. സന്ധ്യ കഴിഞ്ഞു. വിഷയം 'ഫാസിസത്തിനെതിരെ എഴുത്തുകാരന്റെ പ്രതിരോധം'. ഉദ്ഘാടകന്‍ പ്രശസ്തനായ സാംസ്കാരികപ്രവര്‍ത്തകന്‍. മീറ്റിങ് തുടങ്ങാന്‍ ഏതാണ്ട് ഒരു മണിക്കൂറോളം വൈകി. ധാരാളം ആളുകള്‍ കൂടിയിട്ടുണ്ട്. സമ്മേളനം ആരംഭിച്ചു. വിശേഷണങ്ങളുടെ അറപ്പിക്കുന്ന അത്യുക്തികളാല്‍ സ്വാഗതപ്രസംഗം. സമയം വൈകിയതിനാല്‍ പ്രത്യേകിച്ചൊന്നും പറയാനില്ലെന്നു പറഞ്ഞ് അധ്യക്ഷന്‍ തികഞ്ഞ മാന്യതയോടെ ഉദ്ഘാടകന് മൈക്ക് കൈമാറി. താഴ്ന്ന സ്ഥായിയില്‍ ആകര്‍ഷകമായ ശൈലിയില്‍ കാവ്യാത്മകമായ ഭാഷയില്‍ അദ്ദേഹം പ്രസംഗം തുടങ്ങി. 'രവിപോയ് മറഞ്ഞതും സ്വയം ഭുവനം ചന്ദ്രികയാല്‍ നിറഞ്ഞതും' ഓര്‍ക്കാതെ സദസ്സ് പ്രസംഗത്തില്‍ മുഴുകി. സമയം നീങ്ങുന്നു. പ്രസംഗം കത്തിക്കയറുന്നു. കല്‍ബുര്‍ഗിയില്‍ തുടങ്ങി സ്റ്റാലിനിലും ഹിറ്റ്‌ലറിലും ചെന്ന്, കാളിദാസനിലും ടാഗൂറിലും കറങ്ങി ഒരു മണിക്കൂറായിട്ടും പ്രസംഗം തീരുന്ന മട്ടില്ല. സ്വയം മറന്ന ഒരു ലഹരിയിലാണ് പ്രസംഗകന്‍. സംഘാടകരില്‍ തുടങ്ങിയ അസ്വസ്ഥത സദസ്യരിലേക്കു പടര്‍ന്നു. പ്രസംഗകന്‍ ഒന്നും അറിയുന്നില്ല. ഫാസിസ്റ്റുവിരുദ്ധ സമ്മേളനത്തില്‍ യഥാര്‍ഥ ഫാസിസമെന്തെന്നു തെളിയിച്ചുകൊടുക്കുകയാണ് സാംസ്കാരികനായകന്‍. അടുത്ത പ്രസംഗത്തിന് ഊഴം കാത്തിരിക്കുന്നവര്‍ കസേരയില്‍ തിരിഞ്ഞും മറിഞ്ഞും ഇരുന്നു. നീണ്ട ഉദ്ഘാടനം കഴിഞ്ഞ് മുഖ്യ പ്രസംഗകന്‍ എഴുന്നേറ്റതും രണ്ടു മൂന്നു പേര്‍ ചായവിതരണവുമായി സദസ്യരുടെ ഇടയിലേക്കിറങ്ങി. സഹികെട്ട അദ്ദേഹം മൈക്കിനു മുന്നില്‍ അല്‍പ്പനേരം നിന്നിട്ട്, ഉദ്ഘാടകന്‍ എല്ലാം പറഞ്ഞു കഴിഞ്ഞ സ്ഥിതിക്ക് ഇനി താന്‍ പ്രസംഗിക്കേണ്ട ആവശ്യമില്ലെന്നും എല്ലാവരും ചായ കുടിക്കൂ എന്നും ചെറിയ നര്‍മഭാവം വരുത്തി പറഞ്ഞിട്ട് കസേരയിലിരുന്നു. കൈയില്‍ മൈക്ക് കിട്ടിയാല്‍ പിന്നെ, സ്വന്തം സഹജീവികളോട് യാതൊരു കരുതലും കരുണയുമില്ല ചില പ്രഭാഷകര്‍ക്ക് എല്ലാം താന്‍ തന്നെ പറയണമെന്നുള്ള വാശി, കിട്ടിയ ചുരുങ്ങിയ സമയത്തിനുള്ളില്‍ തനിക്കറിയാവുന്നതെല്ലാം പറയണമെന്നുള്ള നിര്‍ബന്ധം– ഇതെല്ലാമാണ് വിനയാകുന്നത്. സൂക്ഷ്മതയുടെ അഭാവമാണ് പലരെയും ഇങ്ങനെ കോമാളികളാക്കുന്നത്.
ഒരു മികച്ച പ്രഭാഷണത്തിന് സൃഷ്ടിക്കാന്‍ കഴിയുന്ന സാധ്യതകള്‍ അവിശ്വസനീയമാംവണ്ണം വിപുലമാണ്
ഗെയ്ഥേഗെയ്ഥേ
എന്ന് ചരിത്രം നമ്മെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. പത്തു പുസ്തകങ്ങള്‍ വായിക്കുന്നതിനു തുല്യമാണ് നല്ല ഒരു പുസ്തകം വായിച്ചിട്ടുള്ള, ചിന്താശക്തിയുള്ള  പ്രഭാഷകന്റെ പ്രസംഗം കേള്‍ക്കുന്നത്. അത് വിശാലമായ ചരിത്രകാലഘട്ടങ്ങളെക്കുറിച്ചുള്ള ധ്യാനമാണ്. അസത്യത്തില്‍ നിന്ന് സത്യത്തെ വേര്‍തിരിക്കുന്നതിന് അത് കേള്‍വിക്കാരെ സജ്ജരാക്കും. അനിശ്ചിതത്വങ്ങളില്‍ നിന്ന് തീര്‍ച്ചകളിലേക്ക് അവരെ മോചിപ്പിക്കും. നിതാന്ത ജാഗ്രതയുള്ള സന്ദേഹികളാക്കി അവരെ ഉന്നതമായ പരിവര്‍ത്തനത്തിലേക്ക് ഉണര്‍ത്തുകയും തള്ളിക്കളയേണ്ടവയെക്കുറിച്ച് ഓര്‍മപ്പെടുത്തുകയും അതിലൂടെ ആഹ്ളാദകാരിയായ സ്വാതന്ത്യ്രത്തിലേക്ക് വികസിപ്പിക്കുകയും ചെയ്യും. പ്രഭാഷകരും കേള്‍വിക്കാരും ഒരുമിച്ചു ചേര്‍ന്നാലുണ്ടാകുന്ന ഹാര്‍മണിയെക്കുറിച്ച് ഏറ്റവും മനോഹരമായി പറഞ്ഞിട്ടള്ളത് ഗെയ്ഥേയാണ്. നിസ്സാരകാര്യങ്ങള്‍ പഠിപ്പിക്കാന്‍ ശ്രമിക്കുന്നവരെ എന്നതുപോലെ തന്നെ ശൂന്യമായ ഭാഷണങ്ങളില്‍ ആകര്‍ഷിക്കപ്പെടുന്നവരെയും ഒരേ അളവില്‍ ബുദ്ധിവൈകല്യമുള്ളവരായി അദ്ദേഹം ഗണിച്ചു. പറയാനുള്ളതെല്ലാം പച്ചക്കു പറഞ്ഞു കേള്‍പ്പിക്കുകയല്ല, തന്റെ സംഭാഷണത്തിനിടയിലെ മൌനങ്ങളിലൂടെ, നിശ്ശബ്ദതകളിലൂടെ, അപൂര്‍ണതയുടെ സൌന്ദര്യവും ആഴവും കേള്‍വിക്കാര്‍ക്ക് മനസ്സിലാക്കിക്കൊടുക്കുകയാണ് പ്രഭാഷണത്തിന്റെ കല. ബൌദ്ധസാഹിത്യത്തിലും മറ്റ പല മഹദ്ഗ്രന്ഥങ്ങളിലും കാണന്നതുപോലെ വാചകങ്ങള്‍ക്കിടയില്‍ ശൂന്യത അവശേഷിപ്പിച്ചുകൊണ്ട്, അപൂര്‍ണമായി നിലനിര്‍ത്തുന്ന കല, ഭാവിയിലേക്കുള്ള ഒരടയാളമാണ്. വലിയ കൊട്ടാരസൌധങ്ങളില്‍ ചില ഭാഗങ്ങള്‍ പണി പൂര്‍ത്തിയാക്കാതെ സൂക്ഷിക്കുകയും സന്ദര്‍ശകരില്‍ സന്ദേഹങ്ങള്‍ നിലനിര്‍ത്തുകയും ചെയ്യുന്നതുപോലെ, മികച്ച പ്രഭാഷകര്‍ ഗഹനമായ ഒരു ഗുപ്തത വാക്കുകളില്‍ കരുതും. അത് ഭാഷണത്തിന് അമാനുഷികമായ ഒരു പരിവേഷം നല്‍കും. അങ്ങനെയുള്ളവര്‍ക്കുമാത്രമെ സമയത്തോട് അച്ചടക്കം പാലിക്കാനാകൂ. തനിക്കു കയറാനുള്ള വൃക്ഷം ഏതെന്നു പരിശോധിക്കുക, അതില്‍ കയറാനുള്ള തന്റെ കഴിവിനെക്കുറിച്ച് വിചിന്തനം ചെയ്യുക, വൃക്ഷത്തെ ധ്യാനപൂര്‍വം തൊട്ടുനില്‍ക്കുക, അതിന്റെ ഔന്നത്യത്തെക്കുറിച്ചുള്ള ആദരവ് ഉള്ളിലുണ്ടാവുക, ഇറങ്ങേണ്ട സമയത്ത് ഏറ്റവും ശ്രദ്ധയോടെ ഇറങ്ങുക. ഭ്രമാത്മകതയുടെ ഉയരങ്ങളില്‍ നിന്ന് പതുക്കെപ്പതുക്കെ യാഥാര്‍ഥ്യത്തിലേക്ക്. 

എല്ലാക്കാലത്തും പ്രഭാഷണമാണ് ആശയപ്രസരണത്തിനുള്ള ഏറ്റവും ശക്തമായ ഉപാധി. ഒരു വലിയ സമൂഹത്തെ അഭിസംബോധന ചെയ്യാന്‍ ആത്മീയനേതാക്കളും ദാര്‍ശനികരും രാഷ്ട്രീയനേതാക്കളും സ്വീകരിച്ചിരുന്ന മാര്‍ഗവും അതുതന്നെയാണ്. തലമുറകളെ സ്വാധീനിച്ച യേശുവിന്റെ ഗിരിപ്രഭാഷണം തന്നെ ഏറ്റവും നല്ല ഉദാഹരണം. സ്വത്വവും സത്തയും സ്വയം വെളിപ്പെടുത്തുന്ന ഭാഷണങ്ങളിലൂടെ കാലഘട്ടത്തെയും സമൂഹത്തെയും സാംസ്കാരികാന്തരീക്ഷത്തെയും സജീവമായി നിലനിര്‍ത്തിയിരുന്നു അവര്‍. ഇപ്പോള്‍ അവസ്ഥകള്‍ മാറി. 'കാലത്തെ ചക്രംവച്ചു ചവിട്ടുന്ന ഘടികാരത്തി'നൊപ്പമാണ് മനുഷ്യന്‍ ഇന്നു കുതിക്കുന്നത്. വര്‍ത്തമാനകാലത്ത് സമയത്തോളം മനുഷ്യന്‍ വിലമതിക്കുന്ന മറ്റെന്തെങ്കിലുമുണ്ടെന്നു തോന്നുന്നില്ല. കുറഞ്ഞ വാക്കുകളില്‍ മറ്റുള്ളവരുടെ സമയം മെനക്കെടുത്താതെ ആശയങ്ങള്‍ അവതരിപ്പിക്കുന്ന സാമര്‍ഥ്യമാണ് പ്രഭാഷണകല. സംസാരത്തിലൂടെ മറ്റൊരാളുടെ ആത്മാവ് തൊടുക എന്നത് അത്ര അനായാസമല്ല. അതിന് നല്ല സിദ്ധിയും സാധനയും ആവശ്യമാണ്. 
എം എന്‍ വിജയന്‍ എം എന്‍ വിജയന്‍
സചേതനമായ, സൂക്ഷ്മബോധമുള്ള ഒരു മനസ്സ് പ്രഭാഷകരിലുണ്ടെങ്കില്‍ കേള്‍വിക്കാര്‍ സ്വന്തം ഇരിപ്പിടത്തെത്തന്നെ സ്നേഹിച്ചു തുടങ്ങും. എം എന്‍ വിജയന്റെ പ്രസംഗങ്ങളെ സംഗീതം പോലെ ശ്രവിച്ചിരുന്ന കേള്‍വിക്കാര്‍ അത് ഓര്‍മിക്കുന്നുണ്ടാകും. എത്ര ജാഗരൂകമായി, അവധാനതയോടെ, ഔചിത്യത്തോടെയാണ് അദ്ദേഹം വേദികളില്‍ വാക്കുകള്‍ ഉപയോഗിച്ചിരുന്നത്, ഒരാള്‍ക്കൂട്ടത്തിന്റെ അധ്യാപകനാകുന്നത്, കാഴ്ചഭേദങ്ങളിലൂടെ വൈലോപ്പിള്ളിയെയും ബഷീറിനെയും പുതുക്കിപ്പണിയുന്നത്, ശാന്തത കൈ വിടാതെതന്നെ പ്രതിയോഗികളെ ഇരുതലമൂര്‍ച്ചയുള്ള ഭാഷ കൊണ്ടു നേരിടുന്നത്– ആത്മാവബോധത്തിന്റെ ആഴത്തിലുള്ള അനുഭവമാണ് എം എന്‍ വിജയന്റെ ഓരോ പ്രഭാഷണവും. വാക്കിനുമേല്‍ വാക്കുപടുത്തുണ്ടാക്കുന്ന ആ സംഭാഷണ ശൈലി, ഇളകുകയും ശാന്തമാവുകയും പ്രതീക്ഷിക്കാതെയിരിക്കുമ്പോള്‍ തിരയടിച്ചുയരുകയും അതിലും അപ്രതീക്ഷിതമായി എപ്പോഴോ തീര്‍ന്നുപോവുകയും ചെയ്യുന്നതായിരുന്നു. എല്ലാ തിരക്കും മാറ്റി വച്ച് ആള്‍ക്കൂട്ടങ്ങള്‍ ആ ശബ്ദത്തിനും ഭാഷക്കും മൌനത്തിനും മുന്നില്‍ കാതു കൂര്‍പ്പിച്ചിരുന്നു. കേള്‍വിക്കാരെ ഇരിപ്പിടത്തില്‍ ആഴ്ത്തുന്ന ആളാണ് യഥാര്‍ഥ വാഗ്മി.   
പ്രസംഗിക്കാന്‍ സ്റ്റേജില്‍ കയറുന്നതിനു മുമ്പ് കണ്ണടച്ച്, ഒരക്ഷരം സംസാരിക്കാതെ അരമണിക്കൂര്‍ ധ്യാനിക്കുന്ന ഒരാളെ എനിക്കു നേരിട്ടറിയാം. ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പാള്‍ ആയി റിട്ടയര്‍ ചെയ്ത രാധടീച്ചര്‍. ബസ്സില്‍ മാത്രമെ ടീച്ചര്‍ പ്രസംഗസ്ഥലത്തേക്കു പോകൂ. ധ്യാനത്തിന് ഏറ്റവും പറ്റിയ വാഹനം അതാണെന്ന് ടീച്ചര്‍ കരുതുന്നു. സ്വന്തം വ്യക്തിത്വത്തെക്കുറിച്ചുള്ള വ്യക്തമായ ബോധമുണ്ടാക്കാനും അതിലൂടെ സ്വന്തം ഭാഷയെ നിര്‍മലമാക്കാനുമാണ് ടീച്ചര്‍ ഇങ്ങനെ ധ്യാനനിര്‍ഭരയാകുന്നത്. ടീച്ചറുടെ പ്രസംഗം കേട്ടിരിക്കുമ്പോള്‍ ഒരു ദേവാലയത്തിലെന്നതുപോലെ സദസ്സ് ശാന്തമായിരിക്കും. ടീച്ചറുടെ ചുണ്ടില്‍ നിന്നുള്ള നൈസര്‍ഗിക പ്രവാഹത്തില്‍ കേള്‍വിക്കാര്‍ സ്വന്തം ചര്‍മത്തിനുള്ളിലെ സുരക്ഷിതത്വത്തെ തിരിച്ചറിയും. സ്വന്തം ശബ്ദത്തെത്തന്നെയാണ് അവര്‍ കേള്‍ക്കുന്നത്... തന്നെക്കാള്‍ ഉന്നതമായ ബോധനിലവാരമുള്ളവരാണ് മുന്നിലിരിക്കുന്നതെന്ന ഒരു ബഹുമാനവും പ്രഭാഷകര്‍ക്ക് സദസ്സിനുനേര്‍ക്ക് ഉണ്ടാകേണ്ടതാണ് എന്ന് രാധടീച്ചറുടെ വിനയനമ്രത ഓര്‍മപ്പെടുത്തും. അമൂല്യമായ അറിവാണ് മികച്ച പ്രഭാഷകരുടെ സാന്നിധ്യം പോലും. കേള്‍വിക്കാരുടെ മനസ്സിന് സ്വച്ഛന്ദം വിഹരിക്കാനുള്ള, ദലമര്‍മരം മാത്രമുള്ള ഒരു വിശാല വനപ്രദേശമാണ് ആ വാങ്മയങ്ങള്‍ സൃഷ്ടിക്കുക. 

വേഗത്തില്‍ സംസാരിക്കുന്നവര്‍ പെട്ടെന്നു വീഴുകയോ വഴുതിപ്പോവുകയോ ചെയ്യും. അവരെ ശത്രുക്കള്‍ക്കു പിടികൂടാന്‍ എളുപ്പമാണ്. അതുകൊണ്ട് ഓരോ വാക്കും സൂക്ഷ്മതയോടെ, നിങ്ങളുടെ വില്‍പ്പത്രം തയ്യാറാക്കുമ്പോഴെന്നതുപോലെ വേണം ഉപയോഗിക്കാനെന്ന് പറഞ്ഞത് പ്രശസ്ത സ്പാനിഷ് ചിന്തകനായ ബല്‍ത്താസര്‍ ഗ്രാസിയനാണ്. വേഗത്തില്‍ സംസാരിക്കുന്ന എന്നെ ഈ ചിന്ത വല്ലാതെ ഭയപ്പെടുത്താറുണ്ട്. പലപ്പോഴും പൊതുസമ്മേളനങ്ങളില്‍ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചാല്‍ ദിവസമടുക്കുന്തോറും വലിയ മാനസിക സംഘര്‍ഷമാണ്. പങ്കെടുക്കണോ വേണ്ടേ എന്ന് പലവട്ടം ആലോചിക്കും. സമ്മതിച്ചുപോയ ചടങ്ങുകള്‍ ഒഴിവാക്കിയാലെന്തെന്ന് അവസാനനിമിഷം വരെ ചിന്തിക്കും. ചെല്ലാമെന്ന് ഏറ്റുപോയ നിമിഷത്തെ ശപിക്കുക വരെ ചെയ്യാറുണ്ട്. എങ്കിലും മരം വെട്ടുകാരന്റെ കഥ മനസ്സിലുരുക്കഴിച്ച് ജാഗ്രതയോടെ, ഭയപ്പാടോടെ, ഓരോ പ്രസംഗത്തിനും വേണ്ടിയുള്ള പരിശ്രമത്തില്‍  ഏര്‍പ്പെടാന്‍ ശ്രമിക്കാറുണ്ട്.  

ഒരു മികച്ച പ്രഭാഷകനുള്ള ജാഗ്രതയും കര്‍ത്തവ്യബോധവും, സദസ്സിനും സംഘാടകര്‍ക്കും തുല്യ അളവില്‍ ഉണ്ടായെങ്കില്‍ മാത്രമെ ഏതു സമ്മേളനത്തിനും ശ്രേഷ്ഠങ്ങളായ നേട്ടങ്ങള്‍ കൈവരിക്കാനാകൂ. ആശയവിനിമയം കൃത്യമായി നടത്താന്‍ അറിയുന്ന സദസ്സും സംഘാടകരും പ്രഭാഷകര്‍ക്കു കിട്ടാവുന്ന ഏറ്റവും വലിയ ഭാഗ്യമാണ്. ചില ചടങ്ങുകളില്‍ പങ്കെടുത്തതിനു ശേഷം വീട്ടില്‍ തിരിയെ എത്തുമ്പോള്‍ പോയില്ലായിരുന്നുവെങ്കില്‍ വലിയ നഷ്ടമായേനെ എന്നു ചിന്തിച്ചിട്ടുണ്ട്. സംഘാടകരും കൂട്ടുപ്രാസംഗികരും സദസ്സും പ്രകടിപ്പിക്കുന്ന ഔചിത്യമാണ് അത്തരം ചടങ്ങുകളെ വ്യത്യസ്തമാക്കുന്നത്. പൊതുചടങ്ങുകളെ ആകര്‍ഷകമാക്കുന്നതുപോലെതന്നെ അനാകര്‍ഷകവും വിരസവുമാക്കുന്ന ഒരുപാടു ഘടകങ്ങളുണ്ട്. വിരസവും മടുപ്പിക്കുന്നതുമായ ഔപചാരികതകളില്‍ നിന്ന് മികച്ച പ്രഭാഷണങ്ങളെ രക്ഷിച്ചെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.

ചങ്ങനാശ്ശേരിയെ ആദ്യത്തെ നിയമസാക്ഷര മുനിസിപ്പാലിറ്റിയായി പ്രഖ്യാപിക്കുന്ന ദിവസം. ബഹുമാനപ്പെട്ട കേരളാ ഗവര്‍ണര്‍ പി സദാശിവമാണ് 
പി സദാശിവം പി സദാശിവം
ഔദ്യോഗികമായി പ്രഖ്യാപനം നടത്തേണ്ടത്. വളരെ ലളിതമായും എന്നാല്‍ അച്ചടക്കത്തോടെയും ഔദ്യോഗികസ്വഭാവത്തോടെയും നടക്കുന്ന ലഘുവായ, എന്നാല്‍ പ്രൌഢമായ ചടങ്ങ്. സമ്മേളനം സംഘടിപ്പിക്കാന്‍ ഭാരവാഹികള്‍ മാസങ്ങള്‍ക്കു മുമ്പേ ഒരുക്കങ്ങള്‍ ആരംഭിച്ചിരുന്നു. സമ്മേളനദിവസം വന്നെത്തി. ഗവര്‍ണര്‍ പങ്കെടുക്കുന്ന ചടങ്ങായതുകൊണ്ടു തന്നെ സദസ്യര്‍ ഒരു മണിക്കൂര്‍ മുമ്പേ ഹാളില്‍ പ്രവേശിച്ചിരിക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. എല്ലാം വളരെ ചിട്ടയോടെയും ഭംഗിയോടെയും സജ്ജീകരിച്ചിരിക്കുന്നു. ഭാരവാഹികള്‍ ഓടിനടക്കുകയാണ്. വിശിഷ്ടാതിഥി എത്തിച്ചേരുന്നുവെന്ന അറിയിപ്പുണ്ടായതോടെ ഹാളില്‍ പരിപൂര്‍ണ നിശ്ശബ്ദത പാലിക്കണമെന്നും എല്ലാവരും എഴുന്നേറ്റുനിന്ന് വിശിഷ്ടാതിഥിയെ കരഘോഷങ്ങളോടെ സ്വീകരിക്കണമെന്നുമുള്ള അറിയിപ്പുണ്ടായി. നിറഞ്ഞ സദസ്സ് ഭയഭക്തി ബഹുമാനങ്ങളോടെ എല്ലാം അനുസരിക്കുന്നുണ്ടായിരുന്നു. 
ഗവര്‍ണറെത്തി. ഗവര്‍ണറുടെ മീറ്റിങ്ങാണ്... തോന്നിയമാതിരിയൊന്നും ആര്‍ക്കും കയറി പ്രസംഗിക്കാനോ സദസ്സു കൈയിലെടുക്കാനോ ഒന്നും സാധിക്കില്ല. എല്ലാം മുന്‍കൂട്ടി നിശ്ചയിച്ചുറപ്പിച്ച മാതിരി സമയക്രമത്തില്‍ തയ്യാറാക്കിവച്ചതുപോലെ നടന്നു. ആര്‍ക്കും മനോധര്‍മമനുസരിച്ച് സ്റ്റേജില്‍ കയറി മതിമറന്നുനിന്നു പ്രസംഗിക്കാനൊന്നുമുള്ള അവസരമില്ല. വളരെ ഗൌരവമുള്ള ആ ചടങ്ങില്‍ ഒരു കടലാസനങ്ങുന്ന ശബ്ദം പോലും അസ്വസ്ഥതയുണ്ടാക്കും. വേഗത്തില്‍ സംഗതി തീരുമെന്ന ഒരാശ്വാസവും ഉണ്ട്. ഗവര്‍ണറുടെ ഔദ്യോഗികപ്രഖ്യാപനം നടന്നു. അതിനു ശേഷം നന്ദി പ്രകാശനവും ദേശീയഗാനവും മാത്രം. ഗവര്‍ണര്‍ പ്രസംഗശേഷം തന്റെ ഇരിപ്പിടത്തില്‍ വന്നിരുന്നതും സദസ്സ് ഇളകിത്തുടങ്ങി. കല്യാണത്തിന്റെ താലികെട്ടു കഴിഞ്ഞാലുടന്‍ കാണുന്ന ഒരു ബഹളം. ബാക്കി ചടങ്ങുകള്‍ക്കു നില്‍ക്കാന്‍ ക്ഷമയില്ലാതെ ഊട്ടുപുരയിലേക്കോടുന്ന വെപ്രാളം സദസ്സില്‍. ആളുകള്‍ ഓരോന്നായും പിന്നെ കൂട്ടത്തോടെയും പുറത്തേക്ക് ഇറങ്ങാന്‍ തിടുക്കപ്പെടുന്നു. നന്ദി പറയേണ്ടയാള്‍ മൈക്കിനു മുന്നില്‍ വന്നു. ആളുകള്‍ ഒന്നൊന്നായി പുറത്തേക്ക്. പെട്ടെന്നാണ് അധ്യക്ഷന്‍ ബഹുമാനപ്പെട്ട ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റീസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍ എഴുന്നേറ്റത്. ക്ഷുഭിതനായ അദ്ദേഹം മൈക്ക് കൈയിലെടുത്ത് ആജ്ഞാസ്വരത്തില്‍ പറഞ്ഞു. 'സമ്മേളനവേദി വിട്ട് ഗവര്‍ണര്‍ പറത്തേക്കുപോകാതെ ഒരാളും ഹാളില്‍ നിന്നു പുറത്തിറങ്ങാന്‍ പാടില്ല. അന്തസ്സില്ലായ്മ കാണിക്കരുത്'. പതിവില്ലാത്ത ആ സ്വരം കേട്ട് സദസ്സ് സ്തംഭിച്ചു. സദസ്സിനെ സ്വന്തം കര്‍ത്തവ്യത്തെക്കുറിച്ചു ഓര്‍മിപ്പിക്കുന്നതിലൂടെ അദ്ദേഹം ചെയ്തത് അധ്യക്ഷനെന്ന നിലയില്‍ ചടങ്ങിനെ 
ജ.തോട്ടത്തില്‍ രാധാകൃഷ്ണന്‍ ജ.തോട്ടത്തില്‍ രാധാകൃഷ്ണന്‍
നിയന്ത്രിക്കുക എന്ന വലിയ ചുമതല കൂടിയാണ്. ചടങ്ങുകളെ ഇതുപോലെ വരുതിയില്‍ നിര്‍ത്താനുള്ള പ്രാഗത്ഭ്യവും ആജ്ഞാശേഷിയും ഉള്ള ആളാകണം അധ്യക്ഷപദവിയിലിരിക്കേണ്ടത് എന്ന് അന്നത്തെ മീറ്റിങ് മാതൃകയായി. 

വര്‍ഷങ്ങള്‍ക്കു മുമ്പ് കോട്ടയത്തു നടന്ന സി പി ഐ എം സംസ്ഥാന സമ്മേളനസ്ഥലത്ത് ഇളകി മറിയുന്ന ജനക്കൂട്ടത്തോട് 'ഇത് ഉഷാ ഉതുപ്പിന്റെ ഗാനമേളയല്ല, അച്ചടക്കം പാലിക്കണം' എന്നു പറഞ്ഞുകൊണ്ട് അന്നത്തെ സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ ആള്‍ക്കൂട്ടത്തെ നിയന്ത്രിച്ചതും സംഘാടകന്റെ ആജ്ഞാശക്തിയെയാണ് തെളിയിക്കുന്നത്. സഭാധ്യക്ഷന്റെ ഉത്തരവാദിത്തം എന്തെന്ന് വെളിപ്പെടുത്തുന്നു ഈ രണ്ടു സംഭവങ്ങളും. അത് വെറുമൊരു അലങ്കാരക്കസേരയല്ല. വിഷയം അവതരിപ്പിക്കുന്നവര്‍, അവരുടെ അനുവദിക്കപ്പെട്ടിരിക്കുന്ന സമയം കൃത്യമായി പാലിക്കുന്നില്ലെങ്കില്‍ അത് അധ്യക്ഷനാണ് ഓര്‍മിപ്പിക്കേണ്ടത്.

ഓരോ ചടങ്ങിനും ഓരോ സ്വഭാവമുണ്ട്. ഓരോ സ്ഥലത്തിനും അതാവശ്യപ്പെടുന്ന ചില ഔചിത്യങ്ങളുണ്ട്. 'സമയഭേദം നോക്കിക്കൊണ്ട് സഭയിലൊന്നു ചൊല്ലാ'മെന്ന് നളചരിതത്തിലെ ബ്രാഹ്മണന്‍ പറയുന്നതു തന്നെയാണ് ഔചിത്യത്തിന്റെ നിര്‍വചനം. അനൌചിത്യമല്ലാതെ മറ്റൊന്നുമല്ല രസഭംഗത്തിനു കാരണവും. ഔചിത്യമില്ലായ്മയോളം വലിയ അശ്ളീലവുമില്ല. ഒരു പ്രത്യേകവിഷയത്തെക്കുറിച്ചു ചര്‍ച്ച നടക്കുന്ന സമ്മേളനങ്ങളില്‍ നിന്ന് അത്യുക്തി കലര്‍ത്തി, വലിച്ചുനീട്ടി പറയുന്ന സ്വാഗതപ്രസംഗം, ഉദ്ഘാടനം, ആശംസകള്‍, നന്ദി പ്രകാശനം തുടങ്ങിയുള്ള ആത്മാവ് നഷ്ടപ്പെട്ട ചടങ്ങുകള്‍ ഒഴിവാക്കപ്പെടുക തന്നെ വേണം. വിശിഷ്ടവ്യക്തി ആരെന്നുപോലും അറിയാത്ത സ്വാഗതപ്രസംഗകന്‍~സ്വാഗതത്തിനിടെ  'താങ്കള്‍ എന്താണ് ചെയ്യുന്നത്' എന്ന് വേദിയില്‍ നിന്നു ചോദിക്കുന്നതിന് ഞാന്‍ സാക്ഷിയായിട്ടുണ്ട്. സ്റ്റേജ് നിറയെ പ്രസംഗകര്‍ ഇരിക്കുന്ന കാഴ്ച തന്നെ, ചടങ്ങിന്റെ പ്രാധാന്യം കെടുത്തിക്കളയും. ചടങ്ങുകളുടെ ഔപചാരികക്രമങ്ങള്‍ ഈ തിരക്കുപിടിച്ച കാലത്ത് അട്ടിമറിക്കപ്പെടുക തന്നെ വേണം. മികച്ച പ്രഭാഷണങ്ങള്‍ കേള്‍ക്കാനാഗ്രഹിക്കുന്നവര്‍ക്ക് അവരുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്താതെ അതു കേള്‍ക്കാനുള്ള അവസരമാണ് ഉണ്ടാകേണ്ടത്. ഓരോ പൌരന്റെയും സമയത്തിന് ഭരണാധികാരികളുടെയും സാംസ്കാരികപ്രവര്‍ത്തകരുടെയും സമയത്തോളം തന്നെ പ്രാധാന്യമുണ്ട്. ഓരോരുത്തരും സ്വന്തം നിയോഗത്തോട് നീതി പുലര്‍ത്തുകയും സത്യത്തെ പിന്തുടരുകയും സമയത്തോട് അച്ചടക്കം പാലിക്കുകയും ചെയ്യുക എന്നതാണ് ഈ വേഗതയേറിയ ജീവിതത്തെ സര്‍ഗാത്മകമാക്കാനുള്ള ഏക പോംവഴി.


SOVIN THOMAS K


Comments

Post a Comment

Popular posts from this blog

കേരള പിറവി ദിനം

പരിസര ശുചീകരണം