എങ്ങനെ നല്ലൊരു പ്രാസംഗികനാകാം?
ഒരു പൊതുപരിപാടിയുടെ നോട്ടീസ് കയ്യില്‍ കിട്ടിയപ്പോള്‍ കൈവിറച്ചു. നാവു വരണ്ടു. കാരണം മറ്റൊന്നുമല്ല, പ്രാസംഗികരുടെ കൂട്ടത്തില്‍ എന്റെയും പേരുണ്ട്. ഇന്നുവരെ ഒരു പൊതുപരിപാടിയുടെയും വേദിയില്‍ ഇരിക്കാത്ത, മൈക്കിനു മുന്നില്‍ തമാശക്ക് പോലും നില്‍ക്കാത്ത ഞാന്‍ എങ്ങനെയാണു പ്രസംഗിക്കുക? എങ്ങനെയാണു സദസ്സിനെ അഭിസംബോധന ചെയ്യുക? അധ്യക്ഷന്‍ അടുത്ത പ്രാസംഗികനായി പേരു വിളിക്കുമ്പോള്‍ ഹൃദയമിടിപ്പോടെയല്ലേ കയറേണ്ടി വരിക?'
കഴിഞ്ഞ ദിവസം കണ്ടപ്പോള്‍ ഒരു സുഹൃത്ത് പങ്കുവെച്ച മനസ്സിന്റെ ആധിയാണ് മുകളില്‍ കുറിച്ചത്.
പ്രസംഗത്തിന്റെ കാര്യത്തില്‍ ഞാനും അല്‍പം പിന്നിലാണെങ്കിലും അതേക്കുറിച്ചുള്ള ചില വിവരങ്ങളും അതിനുവേണ്ട ചില പൊടിക്കൈകളും ഹൃദിസ്ഥമാക്കി വെച്ചിരുന്നതിനാല്‍ ഞാനവനു ആത്മവിശ്വാസം പകര്‍ന്നുനല്‍കി.
ആരും ഒരു സുപ്രഭാതത്തില്‍ പെട്ടെന്നു പ്രാസംഗികന്‍ ആയിട്ടില്ലെന്നും ഇപ്പോള്‍ പ്രസംഗത്തില്‍ തിളങ്ങുന്ന പലരുടെയും വിജയത്തിനു പിന്നില്‍ നിരന്തരമായ പ്രയത്‌നം ഉണ്ടെന്നും ഞാനവനെ പറഞ്ഞു ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.
സദസ്സിനെ കയ്യിലെടുക്കാന്‍ തക്കവിധം കളിയും കാര്യവും തമാശയും കലര്‍ത്തി പുഞ്ചിരിച്ചും പൊട്ടിച്ചിരിച്ചും പ്രസംഗിച്ചിരുന്ന സഖാവ് ഇ.കെ നായനാരുടെയും കാര്യം ഗൗരവമായി പറയുമ്പോഴും ഫലിതം കലര്‍ത്തി സദസ്സിനെ ഉന്മേഷത്തിലാക്കിയിരുന്ന ജനാബ് സി.എച്ച് മുഹമ്മദ് കോയയുടെയും, സൗമ്യവും സരസവുമായ പ്രസംഗത്തിലൂടെ സദസ്സിനെ പിടിച്ചിരുത്താന്‍ അപൂര്‍വ്വമായ കഴിവുണ്ടായിരുന്ന കെ.ജി. മാരാരുടെയും ചിത്രങ്ങള്‍ വരച്ചുകാട്ടി ഞാനവനു ധൈര്യം പകര്‍ന്നു.
നമ്മുടെ ജില്ലയിലെ അറിയപ്പെടുന്ന ചില നേതാക്കളുടെ പ്രസംഗ ശൈലി സൂചിപ്പിച്ച് അതിലും നന്നായി പ്രസംഗിക്കാന്‍ തന്റെ വാക്ചാതുര്യം കൊണ്ട് തനിക്ക് കഴിയുമെന്നു കൂടി പറഞ്ഞപ്പോള്‍ അവന് അല്‍പം ആത്മവിശ്വാസം കൈവന്നതായി തോന്നി.
എങ്ങനെ നല്ലൊരു പ്രാസംഗികനാവാം?
പൊതുസ്ഥലത്ത് രണ്ടുവാക്ക് സംസാരിക്കാന്‍ അവസരം കിട്ടുമ്പോള്‍ വിയര്‍ക്കാറുള്ള വ്യക്തിയാണോ നിങ്ങള്‍?
പേടിക്കേണ്ട. തൊണ്ണൂറു ശതമാനം പേരും അഭിമുഖീകരിക്കുന്ന പ്രശ്‌നമാണിത്. ആദ്യകാലങ്ങളില്‍ പൊതുസ്ഥലത്ത് സംസാരിക്കേണ്ട സാഹചര്യങ്ങള്‍ വരുമ്പോള്‍ ഉള്‍വലിഞ്ഞിരുന്ന നമ്മുടെ രാഷ്ട്രപിതാവ് ഗാന്ധിജിയും, ലോകത്തെ കിടുകിടെ വിറപ്പിച്ച ഹിറ്റ്‌ലറും സഭാകമ്പം ഉള്ളവരായിരുന്നു. ലോകത്തെ ഇളക്കിമറിച്ച പ്രസംഗങ്ങള്‍ നടത്തിയ പലരും അവരുടെ ആദ്യകാലങ്ങളില്‍ പ്രസംഗത്തെ 'ഭയപ്പെട്ടിരുന്നവരാണ്'.
ഏതു മേഖലയിലുള്ള ആളുകള്‍ക്കും ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണ് പൊതുവേദികളില്‍ സംസാരിക്കുക എന്നത്. ചില സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ സംസാരിച്ചേ മതിയാകൂ. ഇല്ലെങ്കില്‍ അറിവുണ്ടെങ്കിലും നിങ്ങള്‍ക്ക് അര്‍ഹിക്കുന്ന സ്ഥാനം എവിടെയും ലഭിക്കണമെന്നില്ല.
പരന്നവായനയും ചിന്താശീലവും യുക്തി കുശലതയും നല്ലൊരു പ്രാസംഗികനാവാന്‍ ആവശ്യമുള്ള കാര്യമാണ്. (അതിനു ഏറ്റവും നല്ല ഉദാഹരണം സഖാവ് ഇ.എം.എസ് തന്നെ) സംസാരിക്കുന്നതിനു മുമ്പ് എന്തിനെക്കുറിച്ചാണു താന്‍ സംസാരിക്കുവാന്‍ പോകുന്നതെന്നും സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ എന്താണു താന്‍ പറയുന്നതെന്നും സംസാരിച്ചുകഴിഞ്ഞാല്‍ എന്തൊക്കെയാണ് താന്‍ പറഞ്ഞതെന്നും വ്യക്തമായ ബോധം പ്രാസംഗികനുണ്ടായിരിക്കണം. (അതില്ലാതെ പോയതാണു മുമ്പൊരിക്കല്‍ 'പഞ്ചാബ് മോഡല്‍' പ്രസംഗത്തില്‍ ആര്‍. ബാലകൃഷ്ണ പിള്ളക്ക് പറ്റിയ പിശക് ) വിഷയത്തെ അമിതമായി പറഞ്ഞ് ദീര്‍ഘിപ്പിക്കുന്നതും ഉചിതമല്ല.
ഒരു മണിക്കൂറോളം വാക്കുകള്‍ ചിതറിപ്പരത്തി പറഞ്ഞിട്ടും വിഷയത്തില്‍ കടക്കാതെ നീട്ടിക്കൊണ്ടുപോകുന്ന ഒരു പ്രാസംഗികനോടു ഗത്യന്തരമില്ലാതെ പ്രസംഗം ചുരുക്കണമെന്നെഴുതി അധ്യക്ഷന്‍ കുറിപ്പ് കൊടുക്കേണ്ടി വരുന്ന അവസ്ഥ ഉണ്ടാവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ശ്രോതാക്കള്‍ക്ക് നീരസമായി തോന്നുന്നതിനു മുമ്പ് പ്രസംഗം നിര്‍ത്തണം.
പ്രസംഗം തുടര്‍ന്നുകൊണ്ടിരിക്കെ സദസ്സില്‍ നിന്നും ആളുകള്‍ ഓരോന്നായി എണീറ്റു പോവുക, പ്രസംഗം ശ്രവിക്കാതെ ആളുകള്‍ പരസ്പരം സംസാരിച്ചു കൊണ്ടിരിക്കുക ഇതില്‍ നിന്നും തന്റെ പ്രസംഗം 'അധികപ്രസംഗ'മായെന്നും സദസ്സിനു ബോറടിച്ചു എന്നും മനസ്സിലാക്കാം. കൂവലും ചീമുട്ടയേറും മറ്റും പ്രാസംഗികന് നേരെ പ്രയോഗിക്കുന്നത് ഇന്നൊരു സാധാരണ വാര്‍ത്തയാണെന്നതിനാല്‍ ഈ സന്ദര്‍ഭത്തില്‍ അതുകൂടി ഓര്‍ക്കുന്നത് നന്നായിരിക്കും. പ്രാസംഗികന്‍ എത്ര പണ്ഡിതനും ചിന്തകനും ബുദ്ധിമാനും ആയാലും ശരി സദസ്സില്‍ ഉളവാകുന്ന അവസ്ഥാവിശേഷങ്ങളെ സമര്‍ത്ഥമായി നേരിടാന്‍ കഴിയണമെന്നില്ല.
നാം പറയുന്നത് വാക്കാണെങ്കില്‍ വാക്കിന്റെ യഥാര്‍ത്ഥമായ കല പ്രഭാഷണമാണെന്നു പ്രശസ്ത പ്രാസംഗികനായിരുന്ന ഡോ. സുകുമാര്‍ അഴീക്കോട് മുമ്പൊരിക്കല്‍ പറഞ്ഞിട്ടുണ്ട്. ആത്മവിശ്വാസമാണു സദസ്സിനെ നേരിടാനുള്ള ഏറ്റവും നല്ല ഉപാധിയെന്നും അഴീക്കോട് മാഷ് പറഞ്ഞതോര്‍ക്കുന്നു.
പ്രാസംഗികന്റെ സ്വരമാണ് പ്രസംഗത്തെ വിജയിപ്പിക്കുന്ന മറ്റൊരു പ്രധാനഘടകം. കനത്ത ഗൗരവമുള്ള പുരുഷശബ്ദമാണ് പ്രസംഗത്തിന് ഏറ്റവും അനുയോജ്യമായത്. ഗാംഭീര്യ ശബ്ദം കൊണ്ട് സദസ്സിനെ നിശ്ശബ്ദമായി ഏറെനേരം പിടിച്ചിരുത്താന്‍ കഴിയുമെന്നത് തര്‍ക്കമറ്റകാര്യമാണെന്നു കൂടി അറിയുക. (പറയുന്ന വിഷയത്തിന്റെ ഉള്ളടക്കം കാമ്പുള്ളതല്ലെങ്കില്‍ എത്ര നല്ല ശബ്ദമുണ്ടായിട്ടും കാര്യമില്ല.)
സദസ്സിന്റെയും സന്ദര്‍ഭത്തിന്റെയും സ്വഭാവം നോക്കിയുള്ള ശൈലിയായിരിക്കണം പ്രാസംഗികന്‍ ഉപയോഗിക്കേണ്ടത്. തൊഴിലാളി സമരത്തെ ആവേശം കൊള്ളിപ്പിക്കുമ്പോള്‍ ആവശ്യമായ വൈകാരികമായ ശബ്ദമാവരുത് ഒരു അനുശോചനയോഗത്തില്‍ പ്രസംഗിക്കുമ്പോള്‍ ഉണ്ടാവേണ്ടത്.
മറ്റൊന്ന്, പറയുന്ന വാക്കുകളുടെ മൂര്‍ച്ചയാണ്. ചില തീവ്രപ്രാസംഗികര്‍ സദസ്സിനെ കയ്യിലെടുക്കുന്നത് ഈ വിദ്യ ഉപയോഗിച്ചാണ്. ജനാധിപത്യത്തില്‍ എന്തും പറയാമെന്ന സ്ഥിതിവിശേഷത്തിന്റെ കുഴപ്പമാണത്. അവര്‍ അതിന്റെ ഭവിഷ്യത്തുകളെക്കുറിച്ചോ, വരും വരായ്കകളെക്കുറിച്ചോ ആലോചിക്കാറില്ല. (നമ്മുടെ കേരളത്തിലും ഇത്തരക്കാരുടെ എണ്ണം കൂടിവരുന്നത് ആശങ്കാജനകമാണ്).
അമേരിക്കയുടെ സ്വാതന്ത്ര്യസമരകാലത്ത് പാട്രിക് ഹെന്റി, ഡാനിയല്‍ വെബ്സ്റ്റര്‍ തുടങ്ങിയ സമരനേതാക്കള്‍ നടത്തിയ പ്രസംഗം രോമാഞ്ചത്തോടുകൂടി മാത്രമേ അമേരിക്കക്കാര്‍ ഇന്നും ഓര്‍ക്കുകയുള്ളൂ. 'സ്വാതന്ത്ര്യം അല്ലെങ്കില്‍ മരണം' എന്ന ലോകത്താകമാനം പടര്‍ന്ന ചൊല്ല് പാട്രിക് ഹെന്റിയുടേതായിരുന്നു.
ഇംഗ്ലണ്ടിന്റെ വിന്‍സ്റ്റണ്‍ ചര്‍ച്ചിലും ജര്‍മനിയുടെ അഡോള്‍ഫ് ഹിറ്റ്‌ലറും പ്രഭാഷകന്റെ ദുര്‍ജയമായ ശക്തികൊണ്ടു രാഷ്ട്രീയനേതൃത്വത്തെ അദൃശ്യമാക്കിത്തീര്‍ത്തവരാണ്. അവരുടെ ഭാഷയ്ക്കും ഉണ്ടായിരുന്നു വിവേചനത്തിന്റെ തീവ്രതയുള്ള കൂര്‍ത്തമുനകള്‍.
ലോകചരിത്രത്തില്‍ ഇടംനേടിയ ഒട്ടനവധി പ്രാസംഗികരുണ്ട്. അതിലൊരാളാണ് അമേരിക്കന്‍ ഗാന്ധി എന്നറിയപ്പെടുന്ന അമേരിക്കയിലെ വര്‍ഗ്ഗവര്‍ണ്ണ വിവേചനത്തിനെതിരെ പോരാടിയ മാര്‍ട്ടിന്‍ ലൂഥര്‍ കിങ്. 1963 ആഗസ്റ്റ് 28ന് മൂന്നുലക്ഷത്തോളം അനുയായികളെ അണിനിരത്തി വാഷിങ്ടണ്‍ ഡി.സിയിലെ ലിങ്കന്‍ സ്മാരകത്തിന് മുന്നില്‍ അദ്ദേഹം നടത്തിയ പ്രസംഗം വിശ്വപ്രസിദ്ധമാണ്.
പക്ഷേ,
പ്രഭാഷണംകൊണ്ടു വിശ്വവിജയം നേടിയത് ഇവരാരുമല്ല, അതൊരു ഭാരതീയനാണ്.
സ്വാമി വിവേകാനനന്ദന്‍.
1893ല്‍ ചിക്കാഗോയില്‍ ചേര്‍ന്ന ലോകമതസമ്മേളനത്തില്‍ വിവേകാനന്ദന്‍ ചെയ്ത പ്രസംഗവും അതിനെത്തുടര്‍ന്ന് അദ്ദേഹം അമേരിക്കയിലും ഇംഗ്ലണ്ടിലും നടത്തിയ ജൈത്രയാത്രയും പ്രഭാഷണകലയുടെ ചരിത്രത്തിലെ അനുപമമായ ഒരിതിഹാസമായി ഇന്നും ഓര്‍മിക്കപ്പെടുന്നു.
'മാനുഷികമായ വാഗ്മിത്വത്തിന്റെ അത്യുന്നതസ്ഥാനം' എന്നാണ് അമേരിക്കയിലെ എഴുത്തുകാരും വിജ്ഞാന നേതാക്കളും സ്വാമിജിയെ അന്നുടനീളം വാഴ്ത്തിയത്. 'വാക്ക് വല്ലാത്തൊരു അത്ഭുതശക്തിയാണ്' എന്നാണു പിന്നീടൊരിക്കല്‍ അതേക്കുറിച്ചു സ്വാമിജി തന്നെ പറഞ്ഞത്. വാക്കിന്റെ ദിവ്യമായ മഹിമയെ പൂര്‍ണമായി മനസ്സിലാക്കി അതിന്റെ ചൈതന്യത്തെ സാക്ഷാത്കരിച്ച ആളായിരുന്നു സ്വാമി വിവേകാനന്ദന്‍.
'പ്രസംഗം ശ്രോതാക്കളുടെ ഹൃദയത്തില്‍ കടത്തുകയാണ് പ്രാസംഗികന്റെ ഏറ്റവും പ്രധാനമായ ലക്ഷ്യം. അതിനു പ്രാസംഗികന്‍ തന്നെ വിഷയത്തില്‍ കടക്കണം. അതിനുമുമ്പ്, വിഷയം പ്രാസംഗികനില്‍ കടന്നിരിക്കുകയും വേണം. വിഷയം തന്റെ ഉള്ളില്‍ കടന്നിട്ടില്ലാത്ത പ്രാസംഗികനു വിഷയത്തില്‍ കടക്കാനും അയാളുടെ പ്രസംഗം ശ്രോതാക്കളുടെ ഹൃദയങ്ങളില്‍ കടത്താനും പ്രയാസപ്പെടേണ്ടിവരും. അപ്പോള്‍ പ്രസംഗം നന്നാവാന്‍ വേണ്ട പ്രഥമവും പരമപ്രധാനവുമായ സംഗതി താന്‍ സംസാരിക്കുന്ന വിഷയത്തെപ്പറ്റി പ്രാസംഗികനില്‍ ഉണ്ടായിരിക്കേണ്ട ആത്മാര്‍ഥവും ഹൃദയപൂര്‍വവും അഗാധവുമായ ബോധവുമായിരിക്കണം'. കാസര്‍കോട് നഗരത്തില്‍ പ്രസംഗ പരിശീലന ക്ലാസ്സ് നടത്തുന്ന അധ്യാപകന്‍ പി.സി അഹമ്മദ് സമര്‍ത്ഥിക്കുന്നു.
മൈക്ക് കിട്ടിയാല്‍ പരിസരബോധം മറന്നു 'തലയും വാലും' ഇല്ലാത്ത വിഷയങ്ങളില്‍ വികാരം കൊള്ളുന്നതല്ല പ്രസംഗം അങ്ങനെയെങ്കില്‍ തെരുവിലെ മരുന്നു കച്ചവടക്കാരനും നല്ലൊരു പ്രാസംഗികനാണെന്നു പറയണം. ഹൃദയത്തിന്റെ പൂര്‍ണതയില്‍നിന്നുമാണു മുഖം സംസാരിക്കുന്നതെന്നും അഹമ്മദ് കൂട്ടിച്ചേര്‍ത്തു.
പ്രസംഗിക്കാനുള്ള കഴിവ് ജന്മനാ ലഭിക്കുന്നതല്ല, ചിട്ടയായ പരിശീലനത്തിലൂടെ അതു നേടിയെടുക്കാന്‍ കഴിയുമെന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് ഗാന്ധിജി. കൃത്യമായ പരിശീലനത്തിലൂടെ തന്റെ ഉള്‍വലിയല്‍ സ്വഭാവത്തെ മാറ്റിനിര്‍ത്തി ലോകം കണ്ട ഏറ്റവും വലിയ നേതാവാകാന്‍ കഴിഞ്ഞതിനു പിന്നില്‍ ഗാന്ധിജിക്ക് തന്റെ പ്രസംഗപാടവവും ഗുണകരമായിട്ടുണ്ട്.
ഗൗരവതരമായ വിഷയങ്ങള്‍ അവതരിപ്പിച്ചു കൊണ്ടുള്ള ലോകനേതാക്കളുടെ പ്രസംഗങ്ങള്‍ അധികവും എഴുതി തയാറാക്കി വായിക്കുന്ന രീതിയാണ് നാം കാണാറുള്ളത്. പക്ഷെ ആ രീതി ഉള്‍ക്കൊള്ളാന്‍ എന്തുകൊണ്ടോ നമ്മുടെ നാട്ടിലെ കന്നിപ്രാസംഗികര്‍ പോലും തയ്യാറായിട്ടില്ല.
ആധുനിക ജീവിതത്തിലെ സാമൂഹ്യബന്ധങ്ങള്‍ക്ക് പ്രസംഗം അനിവാര്യമായ ഒരു ഘടകമാണിന്ന്. പ്രസംഗിക്കാനുള്ള സിദ്ധി ജന്മനാ കിട്ടുന്നതാണെന്നതാണ് പൊതുവെയുള്ള വിശ്വാസം. എന്നാല്‍ മനസുവെച്ചാല്‍ ഉണ്ടാക്കിയെടുക്കാവുന്ന ഒരു കഴിവ് മാത്രമാണത്. ഒരു അഭിനയമാണ് പ്രസംഗം. നല്ല പ്രാസംഗികന്‍ ഒരുനല്ല നടന്‍ കൂടിയാണെന്നു പ്രൊഫ. എം.കെ സാനുമാസ്റ്റര്‍ പറഞ്ഞത് ഇവിടെ ഓര്‍ത്തുപോകുന്നു.
SOVIN THOMAS K
Comments
Post a Comment